റോയല്‍ എന്‍ഫീല്‍ഡിന്റെ വൈദ്യുത വാഹനങ്ങള്‍ വൈകാതെ പുറത്തിറങ്ങും. തങ്ങളുടെ ആദ്യ വൈദ്യുത വാഹനം രണ്ടു വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് എംഡി സിദ്ധാര്‍ഥ ലാല്‍ അറിയിച്ചു. വൈദ്യുത ഇന്ധനത്തിലേക്കുള്ള മാറ്റത്തില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കില്ലെന്നും അനുയോജ്യമായ വൈദ്യുത വാഹനത്തിന്റെ പല ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
               എയ്ഷര്‍ മോട്ടോഴ്‌സിന്റേയും റോയല്‍ എന്‍ഫീല്‍ഡിന്റേയും ഭാവി പദ്ധതികളില്‍ ഇവികളുണ്ടെന്ന് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിനു ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് എംഡി തുറന്നു പറഞ്ഞത്. നാടകീയമായ രീതിയില്‍ മാറ്റങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ റോയല്‍ എന്‍ഫീല്‍ഡും വൈദ്യുത വാഹനങ്ങളിലേക്കു മാറുമെന്ന് ഇതോടെ വ്യക്തമായി. ബജാജ് ഓട്ടോയും ടിവിഎസ് മോട്ടോറും അടക്കമുള്ള ഇരുചക്ര വാഹന നിര്‍മാതാക്കള്‍ പ്രത്യേകം യൂനിറ്റായോ സ്വതന്ത്ര വിഭാഗമായോ ആയാണ് വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കുന്നത്.